പാലേരി മാണിക്യം - ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ



അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഈ രഞ്ജിത്ത് ചിത്രം ശനിയാഴ്ച പുറത്തിറങ്ങി. 'ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ' എന്ന രീതിയൊന്നും ഇല്ലെങ്കിലും, ലോലന്റെ ഇനിഷിയേറ്റിവില്‍ അന്നുതന്നെ ഞങ്ങള്‍ ഈ സിനിമ കണ്ടു.

1957-ല്‍ കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥസംഭവത്തെ ആസ്പദമാക്കിയാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. കേരള സംസ്ഥാനം രൂപീകൃതമായി കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നതിന് ശേഷം റെജിസ്റ്റര്‍ ആദ്യത്തെ കൊലക്കേസാണിത്. തെളിവുകളില്ലാത്തതിന്റെ പേരില്‍ അന്ന് കോടതി പ്രതികളെ വെറുതേ വിടുകയായിരുന്നു. ഈ സംഭവം ആസ്പദമാക്കി ടി.പി. രാജീവന്‍ എഴുതിയ നോവലാണ് അതേ പേരുള്ള ഈ സിനിമയുടെ കഥ.
ഡല്‍ഹിയില്‍ നിന്ന് ഒരു കുറ്റാന്വേഷകന്‍ (മമ്മൂട്ടി) താന്‍ ജനിച്ച പാലേരി എന്ന ഗ്രാമത്തില്‍ അര നൂറ്റാണ്ട് മുന്‍പ് നടന്ന ഈ കൊലപാതകക്കഥയുടെ സത്യം അന്വേഷിക്കുന്നതാണ് സിനിമയുടെ പ്രമേയം. അങ്ങനെ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ഈ കഥയുടെ പ്രയാണം.

കഥ പറയുമ്പോള്‍...
"ഇത് വളരെ വ്യത്യസ്തമായ സിനിമയാണ്.." എന്നൊക്കെ സംവിധായകരും അഭിനേതാക്കളും ഓരോ സിനിമയെക്കുറിച്ചും വെറുതേ പറയാറുണ്ടല്ലോ. പക്ഷേ ഈ ചിത്രം ശരിക്കും മറ്റു ചിത്രങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു. ഒരു കൊലപാതത്തിന്റെ കഥ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ പ്രതീക്ഷിക്കുന്നത് കുറ്റവാളിയേയും തെളിവുകളേയും തേടിയുള്ള ഒരു ഡിറ്റക്റ്റീവ് സിനിമയാണ്. പക്ഷേ ഇതൊരു കുറ്റാന്വേഷണ കഥയല്ല. 'The story unfolds' എന്നൊക്കെ പറയുന്ന പോലെ, ഒരു കഥയുടെ ചുരുള്‍ സാവധാനം നിവര്‍ത്തുകയാണ് സംവിധായകന്‍ തന്റെ ആഖ്യാന ശൈലിയിലൂടെ ചെയ്തിരിക്കുന്നത്. ഇവിടുത്തെ ഡിറ്റക്റ്റീവിന്റെ ഉദ്ദേശ്യം കുറ്റം തെളിയിക്കലല്ല, മറിച്ച് സത്യാന്വേഷണമാണ്.
ഷാജി കൈലാസ് ചിത്രങ്ങളിലും മറ്റും കണ്ടുമടുത്ത സുരേഷ് ഗോപി സ്റ്റൈലില്‍ നിന്ന് വ്യത്യസ്തമായ ഒരു രീതി.


ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍, ദൃശ്യങ്ങള്‍, ചമയം, കാസ്റ്റിങ്ങ് എന്നിങ്ങനെ ഒട്ടുമിക്ക കാര്യങ്ങളും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. വിശ്വസനീയത എന്നതാണിവിടുത്തെ പ്രധാന ഹൈലൈറ്റ്. ഓരോ കഥാപാത്രത്തിനും ഇണങ്ങുന്ന അഭിനേതാവിനെ തെരഞ്ഞെടുക്കുന്നതിലും യോജിക്കുന്ന ഡയലോഗുകള്‍ തയാറാക്കുന്നതിലും ഇവര്‍ വിജയിച്ചിരിക്കുന്നു.


മമ്മൂട്ടി - അഹമ്മദ് ഹാജി
മമ്മൂട്ടി ഒന്നിലേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതായി ഇതിനകം അറിഞ്ഞിരിക്കുമല്ലോ. ഒരു രസത്തിനുവേണ്ടി വെറുതേ റോളുകള്‍ ഉണ്ടാക്കിയതല്ല (കമലഹാസന്റെ ദശവാവതാരത്തെ ഭീതിയോടെ ഓര്‍ക്കുന്നു!), മറിച്ച് ഒരേ അഭിനേതാവിനെ ആവശ്യപ്പെടുന്ന റോളുകളാണിവ എന്ന് വേണമെങ്കില്‍ പറയാം. മമ്മൂട്ടിയുടെ അഭിനയം തന്നെയാണ് ചിത്രത്തിന്റെ ഒരു പ്രധാന വിശേഷം. അഹമ്മദ് ഹാജി എന്ന ഒരു നാട്ടുരാജാവിനെ അദ്ദേഹം വളരെ തന്‍മയത്വത്തോടുകൂടിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഏകദേശം ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങളായിട്ടുപോലും 'വിധേയനി'ലെ ഭാസ്കരപ്പട്ടേലരും ഈ ചിത്രത്തിലെ അഹമ്മദ് ഹാജിയും വേറിട്ടുനില്‍ക്കുന്നത് മമ്മൂട്ടിയുടെ അഭിനയപാടവത്തിന്റെ തെളിവായിത്തോന്നുന്നു. അഹമ്മദ് ഹാജിക്ക് 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രത്തില്‍ തിലകന്‍ അവിസ്മരണീയമാക്കിയ എട്ടുവീട്ടില്‍ നടേശന്‍ മുതലാളി എന്ന കഥാപാത്രത്തോടാണ് കൂടുതല്‍ സാമ്യം എന്ന് തോന്നുന്നു.


ബോള്‍ഡ് സിനിമ
'കുടുംബചിത്രം' എന്ന ലേബല്‍ കിട്ടാനായി രംഗങ്ങളിലോ സംഭാഷണങ്ങളിലോ രഞ്ജിത്ത് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചിട്ടില്ല. നേരത്തേ പറഞ്ഞത് പോലെ വിശ്വസനീയത കളഞ്ഞുപോകാതെ എന്നാല്‍ ഒട്ടും വള്‍ഗര്‍ ആകാതെ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. രഞ്ജിത്തിനും എഡിറ്റര്‍ക്കും അഭിനന്ദനങ്ങള്‍.


എല്ലാം തികഞ്ഞത്? ഈ ചിത്രത്തിലും അവിടവിടെ ചില ന്യൂനതകളും loop holes-ഉം ഇല്ലാതില്ല. എന്നാലും കാര്യമായ (അരോചകങ്ങളായ) കുറ്റങ്ങളൊന്നും കണ്ടില്ല.


എന്തായാലും, എല്ലാവരും ഈ ചിത്രം കാണണം. കണ്ടിട്ട് അഭിപ്രായങ്ങള്‍ കമന്റുകളായി ചേര്‍ക്കുമല്ലോ?

Comments

  1. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചപ്പോഴാണ് മാണിക്യത്തിനെ ആദ്യമായി പരിചയപ്പെട്ടത്. "പാലേരി മാണിക്യം - ഒരു പാതിരാ കൊലപാത
    കത്തിന്റെ കഥ" എന്ന നോവല്‍ ഒരു സത്യാന്വേഷണ കഥയാണ്; ഒരു നാടിന്റെ ചരിത്രമാണ്; എന്നാല്‍ ഏറെ കാലിക പ്രസക്തവും! ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം പോലെ, കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകള്‍ പോലെ. ഇത് തികച്ചും വ്യക്തിപരമായ ഒരഭിപ്രായമാണ്. രാജീവന്റെ നോവലിനെ വെറും ഒരു കുറ്റാന്വേഷണ കഥയായി കാണുന്ന ഒരുപാടു പേരുണ്ട്. പക്ഷേ മാണിക്യങ്ങളുടെ നിലവിളികള്‍ ഇന്നും കാതില്‍ മുഴങ്ങുന്നു! അള്ളാപ്പിച്ചാ മൊല്ലാക്കയെ പോലെ, ഖാന്‍ ബഹാദൂര്‍ പൂക്കോയ തങ്ങളെ പോലെ(സ്മാരകശിലകള്‍) മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജിയും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഈ മൂന്നുപേരും തികച്ചും വ്യത്യസ്ഥങ്ങളായ വ്യക്തിത്വങ്ങളാണെന്ന് മറക്കുന്നില്ല!

    നോവലില്‍ നിന്ന് സിനിമയിലേക്കു വരുമ്പോള്‍ - ഒട്ടനവധി കഥാപാത്രങ്ങളടങ്ങിയ ഒരു നോവല്‍ സിനിമയാക്കുന്നു എന്ന് കേട്ട് ഞാന്‍ ചെറുതായൊന്ന് അമ്പരന്നിരുന്നു. പക്ഷെ, സംശയങ്ങള്‍ അസ്ഥാനത്തക്കിക്കൊണ്ട് രഞ്ജിത് അതിമനോഹരമായ ചിത്രം മലയാളത്തിന് നല്കിയിരിക്കുന്നു. നോവലിന്റെ പൂര്‍ണത തീര്‍ച്ചയായും സിനിമയിലില്ല.പക്ഷേ രണ്ടര മണിക്കൂറിന്റെ പരിമിതികളില്‍ മാണിക്യതിന്റെ ദുരന്തകഥ നോവലിനോട് നീതി പുലര്‍ത്തിക്കൊണ്ടു തന്നെ സംവിധായകന്‍ പറഞ്ഞിരിക്കുന്നു.cinematography അതിശയകരം. മമ്മൂട്ടിയുടെ അഭിനയത്തിന്റെ കാര്യത്തില്‍ ഞാന്‍ നിന്നോട് പൂര്‍ണമായും യോജിക്കുന്ന്നു. ഉഗ്രന്‍ ! എന്നെ ആകര്‍ഷിച്ച ഒരു കാര്യം കൂടി - ഖാലിദ് അഹമ്മദായി വന്ന മമ്മൂട്ടി. പിടിക്കപ്പെടാത്ത കുറ്റവാളിയാണ് ഏറ്റവും ഒറ്റപ്പെട്ടവന്‍. "50 വര്‍ഷങ്ങളായി പാപത്തിന്റെ ഇരുട്ടില്‍ നിന്ന ഒരു മനുഷ്യന്റെ മുഖത്ത് സത്യത്തിന്റെ വെളിച്ചം വീഴുന്ന നിമിഷം" മമ്മൂട്ടി മികച്ചതാക്കി. വി.കെ. ശ്രീരാമന്‍ എഴുതിയതു പോലെ ഭരത് ഗോപിയെ ഓര്‍മ്മപ്പെടുത്തുന്ന കുറേ പുതിയ നടന്മാര്‍ ആണ്ടിയേയും, പൊക്കനേയും, വേലായുധനേയുമെല്ലാം അനശ്വരരാക്കി. കെ.പി. ഹംസയുടെ രാഷ്ട്രീയം നമ്മളെ അസ്വസ്ഥരാക്കുന്നു; അഹമ്മദ് ഹാജിമാര്‍ അന്നേ പാര്‍ട്ടിയെ "പാട്ടത്തിനെടുത്തിരുന്നു" എന്ന തിരിച്ചറിവ്!

    റഫീക് അഹമ്മദിനെ കുറിച്ചുകൂടി ഒരു വാക്ക്. മലയാളത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ശേഷം ഉണ്ടായ ആദ്യ ലക്ഷണമൊത്ത കവി, വയലാറിനും, ശ്രീകുമാരന്‍ തമ്പിക്കും, ഒ.എന്‍.വിക്കും ശേഷം ഉണ്ടായ നല്ല ഒരു സിനിമാഗാന രചയിതാവ്. അദ്ദേഹത്തില്‍ നിന്ന് ഇനിയും നല്ല പാട്ടുകള്‍ പ്രതീക്ഷിക്കുന്നു.

    എല്ലാം തികഞ്ഞത്? തീര്‍ച്ചയായും അല്ല. പക്ഷേ ഒരുപാട് ചപ്പുചവറുകള്‍ക്കിടയില്‍ നിന്ന് ഇതുപോലൊരു സിനിമ വരുമ്പോള്‍ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല.

    നന്ദനവും, കയ്യൊപ്പും തന്ന രഞ്ജിത്തിന്റെ ഏറ്റവും നല്ല ചിത്രമാണിത്. രാവണപ്രഭുവും, റോക്ക് & റോളുമൊക്കെ ഒരു കയ്യബദ്ധമായിരുന്നു എന്നു വിശ്വസിക്കുന്നു.ഇനിയും തെറ്റുകള്‍ സംഭവിക്കതിരിക്കട്ടെ, പാലേരിമാണിക്യം പോലുള്ള സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ!

    ReplyDelete

Post a Comment

Popular posts from this blog

Qt - Enabling qDebug messages and Qt Creator

പേര്

Dakhani Degh - Restaurant